കേരളത്തിലെ ജൈവ വൈവിധ്യ സംരക്ഷണത്തിന് സ്ത്രീകളുടേത് തന്ത്രപ്രധാന പങ്കെന്ന് ‘ഷീ-ബയോ’ ശില്പശാല
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് (KSBB) കേരള സർവകലാശാലയിലെ കാര്യവട്ടം ബോട്ടണി വിഭാഗത്തോടൊപ്പം ചേർന്ന് “ഷീ-ബയോ: ജൈവവൈവിധ്യ-പ്രചോദിത ഫലങ്ങൾക്കായി സ്ത്രീകൾ പരിസ്ഥിതിയെ ഉപയോഗപ്പെടുത്തുന്നു” എന്ന വിഷയത്തിൽ ഉന്നത തല ശില്പശാല സംഘടിപ്പിച്ചു. ജൈവവൈവിധ്യ സാക്ഷരതാ യജ്ഞം വിജയിപ്പിക്കാൻ നമുക്ക് ഒന്നിച്ച് പ്രവർത്തിക്കണമെന്നും അതിന് സ്ത്രീകൾ മുന്നോട്ടുവരണമെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോ. ബി. സന്ധ്യ ഐപിഎസ് പറഞ്ഞു. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ. അനിൽകുമാർ അധ്യക്ഷനായ ചടങ്ങിൽ മെമ്പർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് പത്മശ്രീ എം. സി. ദത്തൻ മുഖ്യാതിഥിയായിരുന്നു. പ്രമോദ് ജി. കൃഷ്ണൻ ഐ എഫ് എസ്, ഡോ. ഇ. എ. സിറിൽ, ഡോ. ടി. എസ്. സ്വപ്ന, ഡോ. ഷാനവാസ്, ഡോ. പി എം രാധാമണി, ഡോ. സി. എസ്. വിമൽ കുമാർ, ഡോ. അഖില എസ്. നായർ എന്നിവർ സംസാരിച്ചു. കേരളത്തിലെ ജൈവവൈവിധ്യ സംരക്ഷണത്തിൽ സ്ത്രീകളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും അവർ നടത്തുന്ന നേതൃത്വപരമായ പങ്ക് പരിചയപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടു കൊണ്ടാണ് ശില്പശാല സംഘടിപ്പിച്ചത്.
വനം, തണ്ണീർത്തടങ്ങൾ, കൃഷിഭൂമികൾ, തീരപ്രദേശങ്ങൾ എന്നിവയിൽ സ്ത്രീകൾ വ്യാപകമായ പരിസ്ഥിതി പുനർസ്ഥാപനവും, കാലാവസ്ഥാ പ്രതിരോധശേഷിയും, സുസ്ഥിര ഉപജീവന മാർഗങ്ങളും എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ചും കുൻമിംഗ്-മോൺട്രിയൽ ആഗോള ജൈവവൈവിധ്യ ചട്ടക്കൂട് (KM-GBF) ലക്ഷ്യങ്ങൾ 22, 23 എന്നിവയുമായി പൊരുത്തപ്പെടുത്തിക്കൊണ്ട്, ജൈവവൈവിധ്യ പരിപാലനത്തിൽ ലിംഗസമത്വം ഉൾക്കൊള്ളുന്ന ഭരണരീതി ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം എന്നിവയും പരിപാടിയിൽ ചർച്ച ചെയ്തു.
കേരളത്തിന്റെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ 50% ത്തിലധികം പ്രതിനിധികളും സ്ത്രീകളാണ് എന്നതിലൂടെ ഗ്രാമീണ തലത്തിൽ തന്നെ ജൈവവൈവിധ്യ സൗഹൃദ നയങ്ങൾക്കു പ്രാധാന്യം നൽകാനുള്ള അപൂർവ അവസരമാണ് സംസ്ഥാനത്തിന് ലഭ്യമാകുന്നത്. 47 ലക്ഷം അംഗങ്ങളുള്ള കുടുംബശ്രീ, വനിതാ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഗ്രാമ പഞ്ചായത്തുകൾ എന്നിവയുമായി ചേർന്ന് പരിസ്ഥിതി സംരക്ഷണ- സുസ്ഥിര കൃഷി, കാലാവസ്ഥ പ്രതിരോധം എന്നിവ വളർത്തേണ്ടതിന്റെ ആവശ്യകതയും ശില്പശാലയിൽ ഉൾപ്പെടുത്തിയിരുന്നു.
വനിതാ നേതൃത്വത്തിൽ കൃഷിയോടൊപ്പം വൃക്ഷസംരക്ഷണം, സ്വദേശീ സ്പീഷീസ് സംരക്ഷണം, തകർന്നുപോയ ജലാശയങ്ങൾ പുനരുദ്ധരിക്കൽ, ജലജീവികളുടെ സംരക്ഷണം, പരിസ്ഥിതി സൗഹൃദമായ മത്സ്യബന്ധനം, പുനരുത്പാദന കൃഷി (regenerative agriculture), വിത്ത് സ്വയംപര്യാപ്തത (seed sovereignty), ജൈവ കൃഷി, കടൽ ജൈവവൈവിധ്യ സംരക്ഷണത്തിൽ വനിതാ പങ്കാളിത്തം, സുസ്ഥിര മത്സ്യബന്ധനം, പ്ലാസ്റ്റിക് മാലിന്യ നിയന്ത്രണം എന്നിവയിൽ നയപരമായ ഇടപെടലുകളും ഗവേഷണവും, തദ്ദേശ തലത്തിൽ ശക്തമായ വനിതാ നേതൃത്വത്തിലൂടെ തദ്ദേശ ജൈവവൈവിധ്യ ആസൂത്രണങ്ങളിലേക്ക് (LBSAPs) ഉൾപ്പെടുത്തുന്നതിന്റെ പ്രാധാന്യം, വനിതാ നേതൃത്വം, ജൈവവൈവിധ്യ സംരക്ഷണം, പുനരുത്പാദന ധനവ്യവസ്ഥ എന്നിവ ഏകീകരിച്ച് കേരളത്തിന് ഉണർവേകിയേക്കാവുന്ന പുതിയ ജൈവവൈവിധ്യ മാതൃകയാണ് “ഷീ-ബയോ”.