‘പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണ ആസൂത്രണ കർമ്മ പദ്ധതി തയ്യാറാക്കൽ’ എന്ന വിഷയത്തിൽ മസ്കറ്റ് ഹോട്ടലിൽ വച്ച് നടന്ന സെമിനാർ ബഹുമാനപ്പെട്ട തദ്ദേശസ്വയംഭരണ, എക്സൈസ്, പാർലമെൻററികാര്യ വകുപ്പ് മന്ത്രി ശ്രീ. എം. ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിൽ ആദ്യമായി പ്രാദേശിക ജൈവവൈവിധ്യ കർമ്മ പദ്ധതി തയ്യാറാക്കാൻ തുടക്കം കുറിച്ച സംസ്ഥാനം കേരളമാണ്. ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ പുതുക്കുമ്പോൾ അത് പ്രാദേശിക കർമ്മ പദ്ധതിയുടെ ഭാഗമായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് ജൈവവൈവിധ്യ മാനേജ്മെൻറ് കമ്മിറ്റികൾ തയ്യാറാക്കിയ ജനകീയ ജൈവവൈവിധ്യ രജിസ്റ്ററുകളുടെ രണ്ടാം ഭാഗം അദ്ദേഹം പ്രകാശനം ചെയ്തു. കേരളത്തിലെ വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള ചെയർപേഴ്സൺമാർ, സെക്രട്ടറിമാർ, ജൈവവൈവിധ്യ മാനേജ്മെൻറ് കമ്മിറ്റികളുടെ കൺവീനർമാർ, ജില്ലാ സാങ്കേതിക സഹായ സംഘാംഗങ്ങൾ, വെർച്വൽ ബയോഡൈവേഴ്സിറ്റി കേഡർ അംഗങ്ങൾ എന്നിവർ സെമിനാറിൽ പങ്കെടുത്തു.
‘പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണ ആസൂത്രണ കര്‍മ്മ പദ്ധതി തയ്യാറാക്കൽ: പ്രാധാന്യവും ഭാവി പ്രവർത്തനങ്ങളും’ എന്ന വിഷയം ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ. അനിൽകുമാർ അവതരിപ്പിച്ചു.
കുൻമിംഗ് മോൺട്രിയൽ ഗ്ലോബൽ ബയോഡൈവേഴ്സിറ്റി ഫ്രെയിംവർക്ക് ലക്ഷ്യങ്ങളെക്കുറിച്ച് ബയോഡൈവേഴ്സിറ്റി ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണനും പ്രാദേശിക ജൈവവൈവിധ്യ ആസൂത്രണ കർമ്മ പദ്ധതി തയ്യാറാക്കൽ- രീതിശാസ്ത്രവും വിവരശേഖരണവും റിസർച്ച് ഓഫീസർ ശ്രീമതി. മിത്രാംബിക എൻ. ബി.യും ജൈവവൈവിധ്യ ഭേദഗതി നിയമം-2023 പ്രിൻസിപ്പൽ സയൻറിഫിക് ഓഫീസർ ഡോ. സി. എസ്. വിമൽകുമാറും ക്ലാസ് എടുത്തു.
പ്രാദേശിക ജൈവവൈവിധ്യം നേരിടുന്ന ഭീഷണികൾ, ജൈവവൈവിധ്യസംരക്ഷണ തന്ത്രങ്ങൾ, സുസ്ഥിര ഉപയോഗം, പ്രയോജനങ്ങളുടെ പങ്കുവയ്ക്കൽ, പ്രാദേശികതലത്തിൽ ആവാസ വ്യവസ്ഥയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവയും പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു.